2014 Sep 09 | View Count: 1074

മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും. തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.

Posted by : Guest, 2014 Sep 09 05:09:15 pm