2014 Sep 09 | View Count: 990

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതുംനല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തുകഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസംപകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയതീയില്‍ 15 മിനിറ്റ് വയ്ക്കുക. പിന്നീട് അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരുംജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം. ഇതില്‍ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി. പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അരക്കപ്പു വെള്ളത്തില്‍ അര ടീസ്പൂണ്‍ മതി. തിമിരംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്. തുല്യഅളവില്‍ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും നല്ലതാണ്. ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക്മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്നഎല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്. ഇത്വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്. എണ്ണയും ദഹനസഹായിയായ ഘടകങ്ങളും നഷ്ടപ്പെടും. പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെര്‍ഫ്യൂംസ്, സോപ്പ് തുടങ്ങിയ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെനിര്‍മാണത്തിനുപയോഗിക്കുന്നു. ഗ്രൈപ്പ് വാട്ടറിന്റെ നിര്‍മാണത്തിനും ഇത് ഒരു പ്രധാന ചേരുവയാണ്. പെരുംജീരകത്തില്‍ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്ന പിശിട് കാലിത്തീറ്റയായും ഉപയോഗിക്കുന്നു.

Posted by : Guest, 2014 Sep 09 05:09:16 pm