2014 Sep 09 | View Count: 1043

വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം. വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.
എള്ളിന്‍ പിണ്ണാക്ക് നല്ല കാലിത്തീറ്റമാത്രമല്ല, എണ്ണ തേച്ചു കുളിക്കുമ്പോള്‍ മെഴുക്കു കളയാനുള്ള സ്ക്രബര്‍ കൂടിയായിരുന്നു. ശുദ്ധമായ എള്ളെണ്ണക്ക് നിറമുണ്ടാകില്ല. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കാം. പലതരം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്, എള്ളെണ്ണ പരിമളതൈലമായി വില്‍ക്കുന്നു. വളരെയേറെ ഔഷധഗുണമുള്ള ധാന്യമാണ് എള്ള്. ഇതില്‍ പലതരം അമിനോ ആസിഡുകള്‍, കാത്സ്യം, വിറ്റാമിന്‍ എ, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു ചര്‍മ്മത്തിനും മുടിക്കും ബഹുവിശേഷമാണ്. കാഴ്ച, ശരീരപുഷ്ടി, ശക്തി, തേജസ് എന്നിവ ഉണ്ടാക്കുന്നു. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കുന്നു. ല്ലിന്റെ ഉറപ്പിനും, അര്‍ശസിനും ഉപയോഗിക്കുന്നു. തലമുടിയുടെ വളര്‍ച്ചക്ക് താളിയായും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു.
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള്, ഉത്തമമായ പ്രതിവിധിയാണ്. എള്ളരച്ച്, പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുറച്ചു ദിവസം സേവിച്ചാല്‍ ഈ കുറവു പരിഹരിക്കാം. മുഖകാന്തിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ എള്ള്, നെല്ലിക്കാത്തോടു ചേര്‍ത്തുപൊടിച്ചു തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക. കാലത്ത് വെറുംവയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും രണ്ടു ടീസ്പൂണ്‍ നല്ലെണ്ണ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. വാതം വരാതിരിക്കുന്നതിനും ഉത്തമമാണ്. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍, മാറാരോഗങ്ങള്‍ അകന്നുപോകും. അര്‍ശസിനും ഇതു ഫലപ്രദമാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുമ്പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ ദുസ്സഹമായ വയറുവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാവും.
സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്കു രുചി പകരുന്നതില്‍ എള്ള് സുപ്രധാനമായ പങ്കു വഹിക്കുന്നു. അവില്‍ വിളയിച്ചത് സ്വാദിഷ്ടമാകാന്‍ നെയ്മയം തൂത്ത ചീനച്ചട്ടിയില്‍ അരക്കപ്പോളം എള്ള് വറുത്തുചേര്‍ക്കുന്നു. അര കിലോ അവലിന് അര കപ്പ് എള്ള് എന്ന കണക്കില്‍ ചേര്‍ക്കണം. മുന്തിരിക്കൊത്തിലും സ്വാദു മെച്ചപ്പെടുത്താന്‍ നെയ്മയം പുരട്ടി മൂപ്പിച്ച എള്ളു ചേര്‍ക്കാം. അച്ചപ്പം, ചീനപ്പം, ചിമ്മിനി അപ്പം, തരി ഉണ്ട എന്നിവയിലും പ്രധാന ചേരുവയാണ് എള്ള്. മധുരപലഹാരങ്ങള്‍ക്കും പുറമെ ഉപ്പു ചേര്‍ത്ത പലഹാരങ്ങളിലെയും ഒരു പ്രധാന ചേരുവയാണിത്. പലതരത്തിലുള്ള മുറുക്ക്, പപ്പടബോളി, കുഴലപ്പം എന്നിവയ്ക്ക് വെള്ള എള്ളാണ് ഉപയോഗിക്കുക. എള്ളുകൊണ്ടുണ്ടാക്കുന്ന ഏറ്റവും രുചികരമായ വിഭവമാണ് എള്ളുണ്ട. എള്ളു പൊരിയും വരെ വറുത്ത് ശര്‍ക്കരപ്പാവില്‍ ഇട്ട് ഇളക്കണം. വാങ്ങിവെച്ചതിനുശേഷം ചൂടുകുറഞ്ഞാല്‍ ചുക്കുപൊടി വിതറി ഇളക്കി, ചെറുതായി ഉരുട്ടിയെടുക്കാം. ചേരുവകള്‍ ഒരു സവിശേഷ അനുപാതത്തില്‍ ചേര്‍ത്താല്‍ ഈ പലഹാരം ചുമക്കുള്ള ഹൃദ്യമായ ഔഷധമാകും. ചുക്ക്, ശര്‍ക്കര, എള്ള് എന്നിവയ്ക്ക് 1:2:4 എന്ന അനുപാതമാണ് വൈദ്യശാസ്ത്രം വിധിക്കുന്നത്.

Posted by : Guest, 2014 Sep 09 05:09:22 pm