2014 Sep 09 | View Count: 1008

പാപ്പിലിയോണേസി – (Papilionaceae) കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍നിഷ്പാവഃ എന്നറിയപ്പെടുന്നു. ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ. പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്. വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു.

അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും.  പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ അമരക്കായ തോരന്‍വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാല്‍ മതി. മൂത്രം പോകാത്ത അവസ്ഥയുണ്ടായാല്‍ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കില്‍ മൂത്രം പോകുകയും നീര് ശരീരത്തില്‍ ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്. അമരക്കായ മേല്‍പറഞ്ഞ വിധത്തില്‍ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തില്‍ തന്നെ അമരക്കായ കല്‍ക്കമായി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താല്‍ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും.

Posted by : Guest, 2014 Sep 09 05:09:47 pm