2015 Jan 08 | View Count: 2377

പച്ചക്കറികള്‍ക്കു തീവിലയാണ്‌. തൊട്ടാല്‍ പൊളളും. അരമനസ്സുവെച്ചാല്‍ മതി. വിലക്കയറ്റത്തില്‍ നിന്ന്‌ അല്‍പ്പം ആശ്വാസം നേടാം. എല്ലാവര്‍ക്കും വീട്ടില്‍ അത്യാവശ്യമാണ്‌ പച്ചക്കറി. ദിവസേന വേണം. വിപണിയില്‍ നിന്ന്‌ വന്‍വില കൊടുത്തു വാങ്ങുന്ന പച്ചക്കറി അപ്പാടെ വിഷമയമാണ്‌. അരമണിക്കൂറെങ്കിലും വിനാഗിരി ചേര്‍ത്ത വെളളത്തില്‍ ഇട്ടുവെച്ചാലേ ഉപയോഗിക്കാനാകൂ എന്ന പ്രശ്‌നവുമുണ്ട്‌. എന്നാല്‍ കീടനാശിനികള്‍ തളിക്കാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കിയാല്‍ ആരോഗ്യവും കേടാകില്ല, പോക്കറ്റും ചോരില്ല.
വീടിനു ചുറ്റും സ്‌ഥലമുള്ളവര്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്‌. കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമായാല്‍ നന്ന്‌. വളരെക്കാലത്തേക്കു വിളവു തരുന്ന കറിവേപ്പ്‌, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക്‌ പ്രത്യേക സ്‌ഥലം കണ്ടെത്താം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്‌, കാച്ചില്‍, മധുരക്കിഴങ്ങ്‌ എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. മുളക്‌, കാന്താരി എന്നിവയും ഒപ്പം നടാം. വ്യത്യസ്‌ത വിളകള്‍ ഒരുസമയം കൃഷി ചെയ്യുന്നതോടെ കീടങ്ങളുടെ ആക്രമണം പരിധി വരെ തടയാന്‍ കഴിയും. മണ്ണിലെ വ്യത്യസ്‌ത ജൈവാംശം ഉപയോഗപ്പെടുത്താനും ഇതു വഴിതുറക്കും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം വെയില്‍ ധാരാളം വേണം. മുളകിനും തക്കാളിക്കും അധികം വെയില്‍ വേണ്ട.

ചുറ്റുവട്ടമില്ലേ, നിരാശപ്പെടേണ്ട
നഗരസംസ്‌കാരത്തില്‍ അഞ്ചുസെന്റുവീടുകളാണ്‌ കൂടുതലുമെന്നതിനാല്‍ കൃഷിയുടെ കാര്യം കേട്ടു മുഖം ചുളിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക്‌ ടെറസില്‍ കൃഷി ചെയ്യാന്‍കഴിയും.
ടെറസ്സിലെ കൃഷിക്ക്‌ പോളിത്തീന്‍സഞ്ചികളാണ്‌ ഉപയോഗിക്കേണ്ടത്‌. ചെറുതും വലുതുമായ ചട്ടികളും ഉപയോഗിക്കാം. ഇഷ്‌ടിക അടുക്കി മുകളില്‍ ചട്ടികള്‍ വെക്കുന്നതും കണ്ടുവരുന്നു. ടെറസില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. മേല്‍മണ്ണ്‌, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ്‌ മിശ്രിതം തയ്യാറാക്കേണ്ടത്‌. പ്ലാസ്‌റിക്‌ ചാക്കുകളാണെങ്കില്‍ അതില്‍ അഞ്ചോ ആറോ സുഷിരങ്ങളിടാം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. അതല്ലെങ്കില്‍ വെളളം വാര്‍ന്നു പോകും.
ചെടിച്ചട്ടിയല്‍ ആദ്യം രണ്ടിഞ്ചു കനത്തില്‍ മണല്‍ നിരത്തണം. ഇത്‌ അത്യന്താപേക്ഷിതമാണ്‌. ചട്ടിയുടെ/കവറിന്റെ മുകളറ്റത്തിന്റെ ഒരിഞ്ചു താഴെ വരെ പോട്ടിംഗ്‌ മിശ്രിതം നിറക്കുക. മണ്ണു മിശ്രിതം നിറച്ച ശേഷം എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്‌, വേപ്പിന്‍ പിണ്ണാക്ക,്‌ മണ്ണിര കമ്പോസ്‌റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ്‌ മുതല്‍ പന്ത്രണ്ട്‌ മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത്‌ വെച്ച്‌ നട്ടാല്‍ കൂടുതല്‍ ഗുണം കിട്ടും. അധികം താഴ്‌ചയിലല്ലാതെയാണ്‌ വിത്തിടേണ്ടത്‌. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലിലപ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്‌, വഴുതന) ചെയ്യാവുന്നതാണ്‌. വിത്തിട്ടശേഷം മണ്ണ്‌ ചെറിയതോതില്‍ നനയ്‌ക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ന്ന മിശ്രിതം തൂവാം. വിത്ത്‌ അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റണം. ചെടികള്‍ പറിച്ചു നടുന്നതിന്‌ അനുയോജ്യമായ സമയം വൈകുന്നേരമാണ്‌. വേനലില്‍ തൈകള്‍ നടുമ്പോള്‍ മൂന്നു ദിവസം തണല്‍ കൊടുക്കണം. ഓരോ ചട്ടിയിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക്‌ രാസവസ്‌തുക്കള്‍ പൂര്‍ണമായും ഒഴിവാക്കാം. ആഴ്‌ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്‌റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്‌) ഇട്ടാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത്‌ രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ആവശ്യത്തിനു നനച്ചാല്‍ മണ്ണില്‍ വായുസഞ്ചാരം കൂടും. മണ്ണ്‌ കട്ടപിടിച്ചു കിടക്കുന്നത്‌ വളര്‍ച്ച മുരടിപ്പിക്കും. ചട്ടിയില്‍ നിന്നു വെള്ളം ഒലിച്ചിറങ്ങുന്നവിധത്തില്‍ നനയ്‌ക്കരുത്‌. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യുന്നത്‌ നന്നല്ല. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത്‌ നടുകയാണെങ്കില്‍ മികച്ച വിളവ്‌ ലഭിക്കും.അല്‍പ്പനേരം ചെടികള്‍ക്ക്‌ അടുത്തു സമയം ചെലവിടുന്നത്‌ മാനസികോര്‍ജത്തിനും നല്ലതാണ്‌. ലഘുവ്യായാമത്തിനും ഇതിലൂടെ വഴിയൊരുങ്ങും. മനസ്സും ശരീരവും ഒന്നുപോലെ സചേതനമാകുന്നതു പൊതുവായി ഗുണകരമാകും.

- See more at: http://www.mangalam.com/agriculture/78807#sthash.LBPY8hE4.dpuf

Posted by : admin, 2015 Jan 08 05:01:14 am