2014 Oct 03 | View Count: 1187

പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.

 

Ayurveda

       പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്.  എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്.  ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം.  ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല.  മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു.  പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

      ചിട്ടയായ വ്യായാമം പ്രമേഹരോഗനിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.

        നാല്പാമരാദികേരം, ഏലാദികേരം, ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം ഇവയില്‍ ഏതെങ്കിലും ദേഹത്ത് തേച്ചുകുളിക്കുന്നത് നാഡികളെയും പാദങ്ങളെയും ത്വക്കിനെയും കണ്ണുകളെയും ഒരുപോലെ സംരക്ഷിക്കും. പ്രമേഹരോഗി ഔഷധോപയോഗത്തോടൊപ്പം ഉലുവ പൊടിച്ചോ വെള്ളത്തിലിട്ടുവെച്ചോ ഉപയോഗിക്കുന്നത് ഉത്തമമാണ്.  ഭക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം.

        15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം. വാഴപ്പിണ്ടിനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്‍വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം കഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

Posted by : Guest, 2014 Oct 03 01:10:38 pm