2014 Sep 10 | View Count: 1052

ഔഷധയോഗ്യഭാഗം: വേര്, ഫലം: പൈപ്പര്‍ നൈഗ്രം (Piper Nigram Lin.) എന്നാണ് കുരുമുളകിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ ബ്ലാക്ക് പെപ്പര്‍ (Black Pepper) എന്നാണ് അറിയപ്പെടുന്നത്. പറ്റുവേരുകള്‍ പടര്‍ത്തിക്കയറുന്ന ഈ ആരോഹിസസ്യത്തിന്റെ ഇലകള്‍ കട്ടിയുള്ളതും വെറ്റിലയുടെ ഇലയോട് സാമ്യമുള്ളതുമാണ്. സന്ധികളിലാണ് ഫലസംയുക്തം ഉണ്ടാകുന്നത്. ഇത് പാകമാവുമ്പോള്‍ ഉണക്കി മണികള്‍ വേര്‍പ്പെടുത്തിയെടുക്കുന്നു. കടുരസവും തീക്ഷ്ണവീര്യവുമുള്ള കുരുമുളകിലെ പൈപ്പെറിറ്റില്‍ എന്ന രാസഘടകമാണ് ഗുണഹേതു. ‌
ദഹനരസഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുവാനും അണുക്കളെയും കൃമികളെയും നശിപ്പിക്കുവാനും ഇതിനാകും. വൈറസ് ബാധകളെ തടയുവാന്‍ കുരുമുളകിന് പ്രത്യേകമായ കഴിവുണ്ട്. പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാല്‍ വിരദോഷങ്ങള്‍ ശമിക്കും. കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരില്‍ കലക്കി രണ്ടുനേരവും സേവിച്ചാല്‍ ആസ്തമയ്ക്ക് ശമനമുണ്ടാകും. എള്ളെണ്ണയില്‍ കുരുമുളകിട്ടു കാച്ചി തേച്ചാല്‍ വാതരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. കുരുമുളക്, തിപ്പലി, ചുക്ക് എന്നിവ കഷായമാക്കി സേവിച്ചാല്‍ വൈറല്‍ പനിക്ക് ശമനമുണ്ടാകും. തൊണ്ടനീരിന് കുരുമുളക് കഷായം ചെറുചൂടോടുകൂടി പല പ്രാവശ്യംകവിള്‍ കൊള്ളുക. കുരുമുളകിട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ ശരീരത്തിന്റെ അസഹ്യമായ ചൂട്ശമിക്കും. പനി, ചുമ, കഫക്കെട്ട് എന്നിവ മാറാന്‍ കുരുമുളക്, ചുക്ക്, തിപ്പല്ലി എന്നിവ സമമെടുത്ത്അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി. വീതംകുടിക്കുക. കുരുമുളകും തിപ്പല്ലിയും തുല്ല്യ അളവിലെടുത്ത് പൊടിച്ച് തിളപ്പച്ചാറ്റിയ വെള്ളത്തില്‍ കലക്കി കുടിക്കുന്നത് അതിസാരം ശമിക്കുന്നതിന് നല്ലതാണ്.
വയറിളക്കം, ഗ്രഹണി എന്നിവയ്ക്ക് 1.ഗ്രാം. കുരുമുളകും 10 ഗ്രാം തെറ്റിയുടെ വേരും ചേര്‍ത്തരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകീട്ടും പതിവായി മൂന്നോ നാലോ ദിവസം കഴിക്കുക. കഫജന്യരോഗങ്ങള്‍ക്ക്മഞ്ഞക്കനകാംബരത്തിന്റെ ഇല കഷായം വച്ച് കുരുമുളക് ചേര്‍ത്ത് കഴിക്കുക. ശ്വസംമുട്ടല്‍, കഫക്കെട്ട്എന്നിവയ്ക്ക് ഉണങ്ങിയ എരുക്ക് പുഷ്പങ്ങള്‍ക്ക് സമം കുരുമുളക് പൊടി, ഇന്തുപ്പ് ഇവ 400-800.മി.ഗ്രാംവരെയെടുത്ത് വെറ്റില നീരില്‍ ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് ഇവക്ക് ആശ്വാസംകിട്ടും. പല്ലു കേടു വരാതിരിക്കാന്‍ കറുവപ്പട്ട, ഗ്രാമ്പു, കടുക്കത്തോട്, മുത്തങ്ങ, ചുക്ക്, കുരുമുളക്,കരിങ്ങാലിപ്പൊടി, പാക്ക്, കര്‍പ്പൂരം എന്നിവ സമം പൊടിച്ച് സമം കാവി മണ്ണും ചേര്‍ത്ത് എടുക്കുന്നതാണ്പ്രസിദ്ധമായ ദശന സംസ്കാരം എന്ന ദന്ത ചൂര്‍ണ്ണം. ഇത് കൊണ്ട് പല്ല് വൃത്തിയാക്കിയാല്‍ ഒരിക്കലും പല്ലിനു കേടു വരില്ല. ദഹനശേഷി കൂട്ടാനും, വിഷം നീക്കം ചെയ്യാനും നീര്‍കെട്ട്, കഫോപദ്രവം, പനി,നീര്‍വീഴ്ച എന്നിവക്കും ഗുണപ്രദമാണ്. ചുമക്കും രക്തം കട്ടപിടിക്കുന്നതിനെതിരായും ഉപയോഗിക്കുന്നു. വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്. ചുക്കുംകുരുമുളകും, തിപ്പലിയും ചേര്‍ന്നാല്‍ ആയുര്‍ വേദത്തില്‍ “തൃകുടം” എന്നാണ് പറയുന്നത്. ഭക്ഷണത്തില്‍കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.

Posted by : Guest, 2014 Sep 10 02:09:27 pm