2014 Sep 10 | View Count: 1155

എലറ്റേറിയ കാര്‍ഡമോമം (Elettaria Cardamomum Maton) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഏലത്തിനെ ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നു പറയുന്നു. തണുപ്പും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളില്‍ നന്നായി വളരുന്നു. 4 മീറ്ററോളം ഉയരം വെയ്ക്കുന്ന ഈ സസ്യം ഇഞ്ചിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഭൂകാണ്ഡത്തില്‍ നിന്നും മണ്ണിനു മുകളിലൂടെ പടരുന്ന അപസ്ഥാനീയ വേരുകളിലാണ് കായ ഉണ്ടാകുന്നത്. ഈ വേരുകള്‍ക്ക് ശരം എന്നാണ് പറയുക. വേരുകളില്‍ കായ വിന്യസിക്കപ്പെട്ടിരിക്കും. ഫലത്തിനുള്ളിലെ ചെറുവിത്തുകളാണ് ഏലക്കായ്ക്ക് ഗുണവും മണവും നല്‍കുന്നത്. രൂക്ഷഗുണവും ശീതവീര്യവുമുള്ളതാണ് ഏലയ്ക്കാ. ഔഷധമായി കായ മാത്രമാണ് ഉപയോഗിക്കുന്നത്. ദഹനൗഷധങ്ങളായ മരുന്നുകളില്‍ വലിയൊരു പങ്ക് ഏലയ്ക്കാക്കുണ്ട്. ഹൃദയപേശികളെ ശക്തിപ്പെടുത്താനും അതിസാരത്തെ നിയന്ത്രിക്കാനും ഇതിനാകും. ഏലയ്ക്കാപ്പൊടി കരിക്കിന്‍ വെള്ളത്തില്‍ കലക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. ഏലയ്ക്കാപ്പൊടി നെയ്യില്‍ ചാലിച്ച് നുണഞ്ഞിറക്കിയാല്‍ കഫക്കെട്ട് മാറും. ഏലയ്ക്കാപ്പൊടി ദന്തചൂര്‍ണ്ണത്തില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളും വായ് നാറ്റവും മാറും. ഏലത്തരിയും തിപ്പലിയും കല്‍ക്കണ്ടം ചേര്‍ത്ത് പൊടിച്ചു സേവിച്ചാല്‍ ചുമ ശമിക്കും. ഛര്‍ദ്ദി, അര്‍ശസ്സ്, തലവേദന, പല്ലുവേദന, വാതവേദന എന്നിവ ശമിപ്പിക്കും ചായപ്പൊടിയോടുകൂടിയും ഉപയോഗിക്കാം.

Posted by : Guest, 2014 Sep 10 02:09:25 pm