2017 Mar 13 | View Count: 951

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മുളിയങ്ങൽ–കായണ്ണ– കൈതക്കൊല്ലി റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായി. കൂരാച്ചുണ്ടിൽനിന്നും കായണ്ണ, പേരാമ്പ്ര ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഒൻപത് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പൊറാളി മുതൽ പൂവത്താംകുന്ന് വരെയും കരികണ്ടൻപാറ, കായണ്ണ മേഖലയിലും ടാറിങ് തകർന്ന് കുണ്ടും കുഴിയും രൂപപ്പെട്ടു. 

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് അപകടകരമാണ്. ബജറ്റിൽ റോഡിന് ചെറിയ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. എട്ടു വർഷം മുൻപ് ടാറിങ് നടത്തിയ റോഡിൽ പേരിന് മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇൗ വർഷവും അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് പൂർണമായും റീടാറിങ് നടത്താൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര ഫണ്ടനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Posted by : admin, 2017 Mar 13 04:03:23 am