2017 Feb 24 | View Count: 993

പഞ്ചായത്തിലെ പ്രധാന പാതയായ കൂരാച്ചുണ്ട് –കല്ലാനോട് 28–ാം മൈൽ റോഡ് പാടേ തകർന്നു കുണ്ടും കുഴിയുമായതോടെ വാഹന ഗതാഗതം തീർത്തും ദുഷ്കരമായി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് പത്തു വർഷത്തിലധികമായി റീടാറിങ് നടത്താത്തതാണ് തകരാൻ കാരണം. 

പൊതുമരാമത്ത് വകുപ്പ് 7.20 ലക്ഷം രൂപ അനുവദിച്ച് റോഡ് പാച്ച് വർക്ക് പ്രവൃത്തി ഇപ്പോൾ ടെൻഡർ ചെയ്തിട്ടുണ്ട്. ഈ റോഡിന്റെ 25 ശതമാനം പണിപോലും ഈ ഫണ്ടിൽ പൂർത്തീകരിക്കാൻ കഴിയില്ല. സംസ്ഥാന ബജറ്റിലുൾപ്പെടുത്താൻ 415 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി പൊതുമരാമത്ത് വകുപ്പധികൃതർ അറിയിച്ചു. കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണിത്. കല്ലാനോട് ഹയർ സെക്കൻഡറി സ്കൂളിലെത്താൻ വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്. 

ഇരുചക്ര വാഹനമുൾപ്പെടെ റോഡിലെ ഗർത്തങ്ങളിൽ വീണ് അപകടവും പതിവായിട്ടുണ്ട്. കല്ലാനോട് റോഡ് അടിയന്തരമായി റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണമെന്ന് പഞ്ചായത്ത് മെംബർ ബിജു മാണി ആവശ്യപ്പെട്ടു. നൂറുകണക്കിനാളുകളുടെ ഏക യാത്രാ മാർഗമായ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റസാക്ക് മരോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജയൻ ജോസ്, സുനീർ പുനത്തിൽ, ഷിബിൻ പരീക്കൽ, നജീബ് മടവൻകണ്ടി എന്നിവർ പ്രസംഗിച്ചു. 
 

Posted by : admin, 2017 Feb 24 05:02:42 am