2014 Nov 01 | View Count: 2279

ഹിതകരമല്ലാത്ത ഭക്ഷണം, പ്രവൃത്തികള്‍ എന്നിവയാണ് കണ്ണുവരള്‍ച്ചയ്ക്ക്് പ്രധാനമായും കാരണമാകുന്നതെന്ന് ആയുര്‍വേദം.

ഭക്ഷണം
അകത്തുചെന്നാല്‍ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. ക്ഷാരം, അമ്ളം, തിക്തം(കയ്പ്) എന്നിവയുള്ള ഭക്ഷണങ്ങള്‍, അതിശീത പാനീയം, അത്യുഷ്ണ പാനീയം എന്നിവയൊക്കെ ക്രമം തെറ്റി ഉപയോഗിക്കുന്നത് പ്രശ്നമാണ്. സമയം തെറ്റിയ ഭക്ഷണം, ദഹനം പൂര്‍ത്തിയാവുന്നതിനു മുന്‍പ് അടുത്ത ഭക്ഷണം എന്നിവയും കാരണമാവാം.

പ്രവൃത്തികള്‍
തീക്ഷ്ണമായ ഗന്ധം ഏല്‍ക്കുക, അധികമായി വികാരപ്രകടനം നടത്തുക, എന്തിലെങ്കിലും തുടര്‍ച്ചയായി ഏറെനേരം നോക്കിയിരിക്കുക, അമിത മദ്യപാനം, ശിരസില്‍ ആഘാതമേല്‍ക്കുക, കൂടുതല്‍ സമയം ജലത്തില്‍ മുങ്ങിക്കിടക്കുക, വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ തലയിണ ഉപയോഗിക്കുക എന്നിവയൊക്കെ കണ്ണിന്റെ വരള്‍ച്ചയ്ക്കു കാരണമാവാം. കാലാവസ്ഥാ മാറ്റമനുസരിച്ചുള്ള ചര്യകള്‍ പാലിച്ചില്ലെങ്കിലും പ്രശ്നമാവും. തുടര്‍ച്ചയായ ഉറക്കമിളയ്ക്കല്‍ രോഗകാരണങ്ങളില്‍ പ്രധാനമാണ്. തുടര്‍ച്ചയായ പനിയും കാരണമാകാം.

ലക്ഷണം
കണ്ണിന് കലക്കം, ചൊറിച്ചില്‍, നിറംമാറ്റം എന്നിവ വരാം. ഇമയില്‍ നെല്ലിന്റെ തൊലി തടഞ്ഞപോലെ തോന്നാം. കണ്ണിനകത്തു കുത്തുന്ന വേദനയും ഉറക്കമുണരുമ്പോള്‍ കണ്‍പോളകള്‍ക്കു സ്തംഭനവും വരുന്നത് കണ്ണിന്റെ വരള്‍ച്ചയുടെ ലക്ഷണമാവാം.

ചികില്‍സ
കണ്ണിന് ധാര കോരുക: തണുപ്പു നല്‍കുന്ന ഒൌഷധങ്ങള്‍ കഷായജലമാക്കി കണ്ണില്‍ ഒഴുക്കിവിടുകയാണിതില്‍.

ആച്ഛോദനം
ഒൌഷധങ്ങള്‍ നന്നായി പൊടിച്ച് തുണിയില്‍ കെട്ടി കിഴിയാക്കി ത്രിഫല കഷായത്തില്‍ മുക്കി കണ്ണില്‍ പിഴിഞ്ഞൊഴിക്കുക  ഇളനീര്‍ കുഴമ്പ് ഉപയോഗിക്കുന്നതും നല്ലതാണ്. കണ്ണില്‍നിന്ന് അശുദ്ധമായ ജലം ഒഴുക്കിക്കളയുകയാണ് (പ്രതിധാരണം) ഇളനീര്‍ കുഴമ്പ് ചെയ്യുക.

Posted by : admin, 2014 Nov 01 01:11:20 pm