2014 Oct 02 | View Count: 697

ഇലന്ത -  ഇടത്തരം മരമാണ് ഇലന്ത.  നല്ല സൂര്യപ്രകാശത്തിലെ വളരൂ.  മഴക്കാലം തുടങ്ങുമ്പോള്‍ വിത്തുപാകിയും തൈകള്‍ നട്ടും കൃഷി ചെയ്യാം.  ഉറപ്പും ബലവുമുള്ള തടിക്ക് ചുവപ്പു നിറമാണ്.  ഇല കന്നുകാലിത്തീറ്റയാണ്.  പച്ചക്കായ്ക്ക് ഔഷധഗുണമുണ്ട്. 

കരിനെച്ചി -  വേലിയായി വളര്‍ത്താവുന്ന വലിയ കുറ്റിച്ചെടിയാണിത്.  ഇല പൊഴിക്കുന്ന ഇവ ചെറിയ തണലിലും വളരും.  കന്നുകാലികള്‍ തിന്നില്ല.  ഇലയ്ക്കും വേരിനും കായക്കും ഔഷധഗുണമുണ്ട്. ജൂണ്‍ - ജൂലായ് മാസങ്ങളില്‍ കൃഷിചെയ്യാം. 

ശീമക്കൊന്ന -  പച്ചിലവളമായും കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്ന ശീമക്കൊന്ന കൃഷി അതിരുകളില്‍ വളര്‍ത്താവുന്ന ചെറുമരമാണ്. ഈടും ഉറപ്പുമുള്ള കാതല്‍ മിനുസപ്പെടുത്തിയാല്‍  തേക്കിനേക്കാള്‍ ആകര്‍ഷകമാണ്. 

കാറ്റാടി -  കാറ്റാടി  വളരുന്നതിന് ധാരാളം സൂര്യപ്രകാശം വേണം.  തൈകളാണ് കൃഷിക്ക് ഉപയോഗിക്കുക. ജൂണ്‍ -ജൂലായിലാണ് തൈകള്‍ നടേണ്ടത്.  ആദ്യത്തെ മൂന്നു വര്‍ഷം ശാഖകള്‍ കോതിക്കൊടുത്ത് ഒറ്റത്തടിയാക്കണം.  തടിക്കു നല്ല ഉറപ്പും ബലവുമുണ്ട്.  അന്തരീക്ഷ നൈട്രജനെ മണ്ണിലെത്തിക്കാന്‍ കാറ്റാടിക്കു കഴിവുള്ളതിനാല്‍ തെങ്ങിന്‍തോട്ടങ്ങള്‍ക്കു സമീപം നടുന്നതു കൊള്ളാം. 

പ്ലാവ് -  നിത്യഹരിത മരമാണ്.  ജൂണ്‍ -ജൂലായില്‍ വിത്ത് നേരിട്ട് പാകി നടാം.  ഏറ്റവും പുതിയ വിത്തേ പാകാവൂ.  കാതല്‍ കെട്ടിട ഭാഗങ്ങള്‍ക്കും ഫര്‍ണിച്ചറിനും നല്ലതാണ്.  ഫലം പോഷകസമൃദ്ധമാണ്. 

മാവ് -  വിത്തുപാകിയും തൈകള്‍ വാങ്ങിയും മാവ് നടാം.  തടി വിറകിനും പലക നിര്‍മാണത്തിനും ഉപയോഗിക്കുന്നു.  മാന്തളിരും മാങ്ങയണ്ടിയും മാവിന്‍കറയും ഔഷധഗുണമുള്ളവയാണ്.  മാങ്ങ പോഷകസമൃദ്ധമാണ്. 

മട്ടി  -  പെരുമരം, പൊങ്ങില്യം എന്നീ പേരുകളുള്ള മട്ടി വന്‍മരമായി വളരുന്ന ഒന്നാണ്. തെങ്ങിന്‍തോട്ടങ്ങളിലും കമുകിന്‍ തോട്ടങ്ങളിലും വളര്‍ത്താം  ജൂലൈയില്‍ നഴ്സറി തൈ നട്ട്          കൃഷിചെയ്യാം.  മട്ടിക്ക് ആദ്യവര്‍ഷം കളയെടുപ്പല്ലാതെ, മറ്റു പരിചരണമൊന്നും ആവശ്യമില്ല.  തീപ്പെട്ടി, പ്ലൈവുഡ് എന്നിവയുടെ നിര്‍മാണത്തിന് ഇതിന്റെ തടി ഉപയോഗിക്കുന്നു.   

പേര -  ഇടത്തരം വലിപ്പമുള്ള ഫലവൃക്ഷമാണ് പേര.  വിത്തുവഴിയും നഴ്സറി തൈകള്‍ ഉപയോഗിച്ചും കൃഷി ചെയ്യാം. മരപ്പട്ടയും പഴവും ഇലയും ഔഷധഗുണമുള്ളവയാണ്.   പഴം പോഷക സമൃദ്ധവുമാണ്. 

തേക്ക് -  നടാന്‍ സ്റ്റമ്പാണ് നല്ലത്.  കാലവര്‍ഷാരംഭത്തിനു മുമ്പ് സ്റ്റമ്പു നടണം.   തേക്ക് നന്നായി വളരാന്‍ ധാരാളം സൂര്യപ്രകാശം വേണം. ഈടിനും ഉറപ്പിനും പേരുകേട്ടതാണ് തേക്ക്.  തേക്കിന്‍തൊലിക്കും കുരുവിനും ഔഷധഗുണമുണ്ട്.  തടിക്കു നല്ല വിലയുമുണ്ട്.    

 

      മണ്ണ് –ജല  സംരക്ഷണത്തിനും കാറ്റിനെ ചെറുക്കുന്നതിനുമാണ് പണ്ട് കൃഷിയിടത്തിനു ചുറ്റും ചെറുമരങ്ങള്‍ വച്ചു പിടിപ്പിച്ച് സസ്യവേലിയുണ്ടാക്കിയിരുന്നത്.    മണ്ണിനൊപ്പം കൃഷിയിടത്തിലെ വെള്ളവും സംരക്ഷിച്ചു നിര്‍ത്തുന്നതും പൂക്കളെയും ഫലങ്ങളെയും കാറ്റില്‍  നിന്നു സംരക്ഷിക്കുന്നതും കൂടാതെ കാര്‍ബണ്‍ ഡൈ ഓക്സൈഡു നഷ്ടമാകുന്നത് തടഞ്ഞ് അത് പോഷകമാക്കി വിളകള്‍ക്കു നല്‍കാനും കീടങ്ങളെ തിന്നുന്ന പക്ഷികള്‍ക്കും പരാഗണം നടത്തുന്ന ഷഡ്പദങ്ങള്‍ക്കും  അഭയമേകാനും  പച്ചിലവളം ലഭ്യമാക്കാനും സസ്യവേലി ഉപകരിക്കുന്നു. 

  • വലിയ കൃഷിയിടങ്ങള്‍ക്കാണ് സസ്യവേലി അനുയോജ്യം.
  • വേലിക്കായി തിരഞ്ഞെടുക്കുന്ന മരങ്ങള്‍ കൃഷിയിടത്തില്‍ നിന്നു വെള്ളവും വളവും വലിച്ചെടുക്കുന്നവയാകരുത്.  ഉപരിതലത്തില്‍ നിന്നു പോഷകം സ്വീകരിക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നിടത്തു വേലിക്കായി ആഴത്തില്‍ വേരോടുന്ന മരങ്ങള്‍ ഉപയോഗിക്കണം.
  • ഇടത്തരം ഉയരമുള്ള മരങ്ങളായിരിക്കണം.
  • കന്നുകാലികള്‍ തിന്നു നശിപ്പാക്കാത്ത മരങ്ങള്‍ തെരഞ്ഞെടുക്കണം.
  • വേരും വിത്തും  വഴി വംശവര്‍ധന  നടത്തുന്ന മരങ്ങള്‍ കഴിവതും ഒഴിവാക്കണം.  ചില മരങ്ങളിലെ കുമിള്‍, കീടങ്ങള്‍ എന്നിവ കൃഷിയെ ബാധിക്കാറുണ്ട്.  അത്തരം മരങ്ങളും ഒഴിവാക്കണം. 
  • രണ്ടുവരി മരങ്ങള്‍ നടുന്നതാണ് നല്ലത്.
  • നല്ല തടി തരുന്ന മരങ്ങള്‍ തിരഞ്ഞെടുക്കുന്ന പക്ഷം മികച്ച ആദായവും കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള തടിയും വിറകും കിട്ടും.
  • ഇലപൊഴിയും മരങ്ങളേക്കാള്‍ നിത്യഹരിത മരങ്ങളായിരിക്കും ഉചിതം.
  • മരനിരകള്‍ക്കിടയില്‍ കുറ്റിച്ചെടികള്‍ നടുന്നതു കൊള്ളാം.
Posted by : Guest, 2014 Oct 02 04:10:00 pm